Wednesday, July 29, 2020

ൻ്റത് ഒട്ടും റെഡ്യായ്ട്ട്ല്ല; ന്നാലും കൊയ്പ്പൂല്യ- അഡ്വ: വി.സുരേഷ് ബാബു

കേരളത്തിലെ റവന്യു, ഭവന, ദുരന്തനിവാരണ വകുപ്പ് മന്ത്രിയായ ഇ .ചന്ദ്രശേഖരനെ ബളാലിലിരുന്ന് ഒരു പഞ്ചായത്ത് വൈ. പ്രസിഡണ്ട് FB യിലൂടെ തിരികെ വിളിച്ചാൽ എല്ലാ ഉത്തരവാദിത്തങ്ങളും ഇട്ടെറിഞ്ഞ് മന്ത്രി ഓടി വരും എന്ന് കരുതുന്ന മണ്ടൻമാരല്ല ജനങ്ങൾ . പിന്നെന്തിനാണ് വൈ. പ്രസിഡണ്ട് മന്ത്രിയെ മടക്കി വിളിക്കുന്നത്? " മടങ്ങിവരൂ " എന്ന് അദ്ദേഹം നീട്ടിവിളിക്കുമ്പോൾ ഒരിക്കൽ ഏറെ മോഹിച്ചതും എന്നാൽ പാർട്ടി നിഷേധിച്ചതുമായ അവസരം " മടക്കി തരൂ" എന്ന് കോൺഗ്രസ്സ് നേതൃത്വം വിളി കേൾക്കും എന്നാണ് അദ്ദേഹം കരുതുന്നത്;പ്രത്യേകിച്ച്, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ.

മന്ത്രിയെ ജില്ലയിൽ കാണാനില്ലെന്നും, മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നുവെന്നും വിമർശിക്കുന്ന നേതാവിന് മറ്റെന്ത് ലക്ഷ്യമാണുള്ളത്?ഒരാൾക്ക് അബദ്ധധാരണ എത്രയളവിലും വെച്ചുപുലർത്താം; എന്നാൽ അവ സമൂഹത്തിൽ പരത്താൻ ശ്രമിക്കുമ്പോൾ അത് സാമൂഹ്യദ്രോഹമായിത്തീരുന്നു. അതിനാലാണ് ഈ ചെറുവിശദീകരണം ഇവിടെ നല്കുന്നത്‌. 
റവന്യു വകുപ്പിൻ്റെ പ്രാധാന്യം എന്താണ്? എല്ലാ സർക്കാർ വകുപ്പുകളുടെയും മാതൃവകുപ്പാണ് റവന്യു വകുപ്പ്; വൃക്ഷത്തിന് താഴ്ത്തടി പോലെ. റവന്യു വരുമാനം, ഭൂസംരക്ഷണം, ഭൂവിനിയോഗം, ഭൂവിതരണം, ദുരന്തനിവാരണം, തെരഞ്ഞെടുപ്പ് , കാനേഷുമാരി, പൗരാവകാശ സംരക്ഷണം, സർട്ടിഫിക്കറ്റ് സേവനങ്ങൾ, ഭൂരേഖാ സംരക്ഷണം തുടങ്ങി ഏറെ വ്യാപ്തിയുള്ളതാണ് വകുപ്പിൻ്റെ പ്രവർത്തന മേഖലകൾ . കണ്ണിമചിമ്മിയാൽ സർക്കാർ ഭൂമി അപഹരിക്കാൻ ശ്രമിക്കുന്ന മാഫിയകൾക്കെതിരെ 24x7 മണിക്കൂറും ജാഗ്രതയോടെ നിലകൊള്ളുന്ന റവന്യു വകുപ്പിൻ്റെ പ്രവർത്തനം കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചിട്ടുള്ളതാണ്. പട്ടയ വിതരണത്തിലും, സേവനങ്ങൾ സൗകര്യപ്രദമായി ജനങ്ങളിലെത്തിക്കാനും വകുപ്പ് ഏറെക്കാര്യങ്ങൾ ചെയ്തു . കാഞ്ഞങ്ങാട് മണ്ഡലത്തിലെ MLA എന്ന നിലയിൽ കഴിഞ്ഞ 4 വർഷംമാത്രം 275 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് പ്രവർത്തിച്ചു.
കോവിഡ് 19 ദേശീയദുരന്തമായി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ദുരന്തനിവാരണത്തിൻ്റെ ചുമതലയുള്ള മന്ത്രി ഇ. ചന്ദ്രശേഖരൻ്റെ നേതൃത്വത്തിലാണ് രോഗപ്രതിരോധ പ്രവർത്തനങ്ങളെ റവന്യു വകുപ്പ് ഏകോപിപ്പിക്കുകയും ജില്ലാ ഭരണകൂടം വഴി നടപ്പിലാക്കുകയും ചെയ്യുന്നത്. ഇതിനാവശ്യമായ യോഗങ്ങൾ ദിനംപ്രതി ഭരണ ആസ്ഥാനത്ത് ചേരുകയും കാര്യങ്ങൾ വിലയിരുത്തി ത്വരിതഗതിയിലുള്ള തീരുമാനങ്ങളെടുത്ത്  14 ജില്ലകളിലും നടപ്പിലാക്കുകയും ചെയ്യുന്നു. മന്ത്രിഓഫീസിലിരുന്ന് റവന്യുമന്ത്രി ജില്ലാഭരണകൂടങ്ങളുമായും, MLA മാരുമായും  നിരന്തരം ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അസാധാരണമായ ഈ കോവിഡ് ദുരന്തകാലത്ത് , മറ്റൊരു പ്രളയം കൂടി എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാമെന്ന സവിശേഷ സാഹചര്യത്തിൽ റവന്യൂ വകുപ്പ് പതിവ് പരിപാടികളും പ്രവർത്തനങ്ങളും  നടത്തിയാൽ മാത്രം കാര്യങ്ങൾ സുഗമമാവില്ലെന്ന്  മന്ത്രിയെ ബളാലിൽ കാണണമെന്ന് വാശി പിടിക്കുന്ന പഞ്ചായത്ത് വൈ. പ്രസിഡണ്ടിന് ഒഴികേ മറ്റെല്ലാവർക്കും മനസ്സിലാകും.
സംസ്ഥാനത്തെ 14 ജില്ലകളിലെയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുമ്പോഴും ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ ജില്ലയുടെ പിന്നാക്കാവസ്ഥ കൂടി പരിഗണിച്ചുള്ള പ്രത്യേക ഇടപെടൽ മന്ത്രി നടത്തുന്നുണ്ട്. അതിനാലാണ് ടാറ്റ ഒരു കോവിഡ് ആശുപത്രിക്ക് സഹായം നല്കിയപ്പോൾ  , ആ സ്ഥാപനം സർക്കാർ ജില്ലയിൽതന്നെ സ്ഥാപിച്ചത്. അതിന് ഭൂമി ലഭ്യമാക്കാനും , ഭരണ തടസ്സങ്ങൾ നീക്കി പണി പൂർത്തിയാക്കാനും നേതൃത്വം നല്കിയത് റവന്യു മന്ത്രിയാണ്. കോവിഡ് കാലത്ത് തന്നെ കാസർകോട് മെഡിക്കൽകോളേജ് പ്രവർത്തനമാരംഭിക്കാൻ മുന്നിൽ നിന്നയാളാണ് മന്ത്രി. അവിടേക്ക് മറ്റ് ജില്ലകളിൽ നിന്ന് മാറി മാറി ഡോക്ടർമാരുടെ സംഘത്തെ എത്തിക്കാനും , ആവശ്യമായത്ര ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ മതിയായ കിടക്കകളോടെ ആരംഭിക്കാനും സർക്കാർ സന്നദ്ധമായി. ലോക് ഡൗൺ ഫലപ്രദമായി നടപ്പിലാക്കി. ബളാൽ പഞ്ചായത്ത് പോലെ അപവാദങ്ങൾ ഉണ്ടെങ്കിലും, ഭൂരിഭാഗം പഞ്ചായത്തുകളിലും കമ്യൂണിറ്റി കിച്ചണുകൾ ഒരുക്കാൻ ജില്ലാ ഭരണ കൂടങ്ങൾ ഉണർന്ന് പ്രവർത്തിച്ചു.
സർക്കാരിനെയും മന്ത്രിമാരെയും വിമർശിക്കരുത് എന്നല്ല ഈ കുറിപ്പിൻ്റെ താല്പര്യം. ആരോഗ്യകരമായ വിമർശനമാണ് ജനാധിപത്യത്തിൻ്റെ ചൈതന്യം. പക്ഷേ വിമർശനം വസ്തുനിഷ്ഠവും, ഉചിതവും, കാര്യ- കാരണ ബന്ധിതവുമാകണം; അല്ലേൽ ശര്യാവൂല. അതുകൊണ്ടാണ് പറയുന്നത് ആൾ ശ്രദ്ധ നേടാൻ എന്തെങ്കിലും പറഞ്ഞത് കൊണ്ടാവില്ല. തല്ക്കാലം വൈ. പ്രസിഡണ്ട് ഇങ്ങിനെ ആശ്വസിക്കുക; "ചെലോൽത് റെഡ്യാവും, ചെലോൽത്  റെഡ്യാവൂല; .... ഇൻ്റെത് ഒട്ടും റെഡ്യായ്റ്റ്ല... ന്നാലും കൊയ്പ്പൂല്യ ..." എങ്കിലും വൈ. പ്രസിഡണ്ടിനെ അഭിനന്ദിക്കാതിരിക്കാനാവില്ല; എറിയുന്നെങ്കിൽ നിറയെ കായ്ഫലമുള്ള മരത്തിൽതന്നെയെറിയണമെന്ന തിരിച്ചറിവിന്.

Wednesday, July 15, 2020

എന്‍ ഇ ബാലറാം സമാനതകളില്ലാത്ത കമ്മ്യൂണിസ്റ്റാചാര്യന്‍

ഉന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ്, ഭാരതീയ ദര്‍ശനങ്ങളിലും തത്വചിന്തയിലും അവഗാഹജ്ഞാനമുള്ള വ്യക്തിത്വം, പ്രഗത്ഭനായ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍, പ്രതിഭാധനനായ സാഹിത്യനിരൂപകന്‍, പണ്ഡിതനായ ചരിത്രകാരന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവ്, സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിലെല്ലാം ഒരിക്കലും മായാത്ത മുദ്രകള്‍ പതിപ്പിച്ച നേതാവായിരുന്നു സ. എന്‍ ഇ ബാലറാം. അദ്ദേഹത്തിന്റെ 26 അം ചരമവാർഷിക ദിനമാണ്  നാളെ. 1994 ജൂലൈ 16ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹം പകര്‍ന്നുനല്‍കിയ ജീവിതമാതൃകയും സര്‍ഗ്ഗാത്മകതവും ബൗദ്ധികവുമായ  രചനകളും എക്കാലവും വെളിച്ചം പകരുന്നതാണ്. 

കമ്മ്യൂണിസ്റ്റുകാരെ ആശയപരമായി ആയുധമണിയിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ആചാര്യനായിരുന്നു ബാലറാം. മാര്‍ക്‌സിസം - ലെനിനിസത്തില്‍ അനന്യസാധാരണമായ അറിവുണ്ടായിരുന്ന അദ്ദേഹം ലളിതമായ നിലയില്‍ ആയിരങ്ങള്‍ക്ക് അത് പകര്‍ന്നുനല്‍കി. ഭാരതീയ സാംസ്‌കാരിക പൈതൃകത്തിലും തത്വചിന്തയിലും പണ്ഡിതനായിരുന്ന ബാലറാം ചരിത്രത്തിലും സാഹിത്യത്തിലുമെല്ലാം തന്റേതായ മികച്ച സംഭാവനകള്‍ നല്‍കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം.

ബാല്യത്തില്‍ തന്നെ തന്റെ കുടുംബത്തില്‍ നിന്ന് വേദോപനിഷത്തുക്കളിലും പുരാണേതിഹാസങ്ങളിലും പഠനം തുടങ്ങിയ ബാലറാം ജീവിതാന്ത്യംവരെ വിജ്ഞാനാന്വേഷണത്തിനായുള്ള വ്യഗ്രത പ്രകടിപ്പിച്ചിരുന്നു. ചെറുപ്പത്തില്‍ ആധ്യാത്മികതയില്‍ ആകൃഷ്ടനായ ബാലറാം സന്ന്യാസം വരിക്കുന്നതിനായി കല്‍ക്കട്ടയിലെ ശ്രീരാമകൃഷ്ണാശ്രമത്തില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ സന്ന്യാസത്തെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങള്‍ക്കും കാഴ്ച്ചപ്പാടുകള്‍ക്കുമനുസരിച്ചല്ല അവിടത്തെ യാഥാര്‍ഥ്യങ്ങള്‍ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ സന്ന്യാസമാര്‍ഗ്ഗം ഉപേക്ഷിച്ച് ബാലറാം നാട്ടിലേക്കു മടങ്ങി. സ്വാതന്ത്ര്യസമരവും സാമൂഹ്യഅനാചാരങ്ങള്‍ക്കെതിരായ പ്രക്ഷോഭവും ശക്തിപ്പെടുന്ന കാലമായിരുന്നു അത്. ബാലറാം കോണ്‍ഗ്രസുകാരനാവുകയും സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയാവുകയും ചെയ്തു. അയിത്തത്തിനും ജാതിവിവേചനത്തിനുമെതിരായി പോരാടുന്ന പ്രസ്ഥാനമായിരുന്നു അന്ന് എസ് എന്‍ ഡി പി. അതിന്റെ തലശ്ശേരി ശാഖാരൂപീകരണത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായിരുന്നു ബാലറാം. ആ ശാഖയുടെ ആദ്യ സെക്രട്ടറിയായത് ബാലറാമും പ്രസിഡന്റായത് വി ആര്‍ കൃഷ്ണയ്യരുമായിരുന്നു. ജാതി ഉച്ചനീചത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നതിനൊപ്പം ബാലറാം കൊടിയ ചൂഷണം അനുഭവിച്ചിരുന്ന തൊഴിലാളികളെയും സംഘടിപ്പിക്കുവാന്‍ മുന്നോട്ടുവന്നു. അന്നുതന്നെ മികച്ച സംഘാടക സാമര്‍ഥ്യം പ്രകടിപ്പിച്ച ബാലറാം ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കുകയും സമരങ്ങളില്‍ അണിനിരത്തുകയും ചെയ്തു. 

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇടതുപക്ഷത്തോടൊപ്പമായിരുന്നു ബാലറാം. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായ അദ്ദേഹം മാര്‍ക്‌സിസത്തെയും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെയും കുറിച്ച് ഗഹനമായി പഠിക്കുകയും മോചനത്തിനും മുന്നേറ്റത്തിനുമുള്ള ശരിയായ വഴി അതാണെന്ന് തിരിച്ചറിയുകയും ചെയ്തിരുന്നു. 1939 ല്‍ തലശ്ശേരിയിലെ പാറപ്പുറത്ത് വച്ച് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണ സമ്മേളനം നടക്കുമ്പോള്‍ അതിന്റെ മുഖ്യസംഘാടകനായി പ്രവര്‍ത്തിച്ചവരില്‍ പ്രമുഖന്‍ അദ്ദേഹമായിരുന്നു. 

തന്റെ വൈജ്ഞാനിക സമ്പത്തും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനവുംകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതനേതാവായി അദ്ദേഹം ഉയര്‍ന്നു. നിരവധി ഘട്ടങ്ങളിലായി ആറു വര്‍ഷക്കാലം ബാലറാം ജയില്‍വാസം അനുഭവിച്ചു. 1948 ല്‍ പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ ഒളിവുജീവിതവും നയിച്ചു. ജയില്‍ജീവിതകാലം പോലും ബാലറാമിന് പഠനത്തിന്റെയും എഴുത്തിന്റെയും  കാലമായിരുന്നു. പട്ടാഭിസീതാരാമയ്യയ്ക്കും ആന്ധ്രാ കേസരി എന്നറിയപ്പെട്ടിരുന്ന ടി പ്രകാശത്തിനുമൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന ബാലറാം ടാഗോറിന്റെ കൃതികളെ കുറിച്ചും പൗരാണിക ഇന്ത്യയെക്കുറിച്ചും പഠിക്കാനാണ് ആ കാലയളവ് വിനിയോഗിച്ചത്. ടാഗോര്‍ കൃതികളുടെ പഠനത്തിനായി അദ്ദേഹം ബംഗാളിഭാഷപോലും പഠിച്ചു. ടാഗോര്‍ കൃതികളെ സംബന്ധിച്ച ഗ്രന്ഥരചനയ്ക്കായി ജയിലില്‍ വച്ച് ബാലറാം തയ്യാറാക്കിയ കുറിപ്പുകളൊക്കെയും ഒളിവുജീവിതകാലത്ത് പൊലീസുകാര്‍ അദ്ദേഹത്തിന്റെ വീടു തകര്‍ത്തപ്പോള്‍ നഷ്ടപ്പെടുകയായിരുന്നു. 

പാര്‍ട്ടി രൂപീകരണകാലം മുതല്‍ സംസ്ഥാന നേതൃനിരയുടെ ഭാഗമായിരുന്ന ബാലറാം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലും ദേശീയ എക്‌സിക്യൂട്ടീവിലും സെക്രട്ടേറിയറ്റിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1972 മുതല്‍ 1984 വരെയുള്ള പന്ത്രണ്ടുവര്‍ഷക്കാലം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കേരളത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് ചുരുങ്ങിയകാലം അദ്ദേഹം വ്യവസായം, വാര്‍ത്താവിതരണം വകുപ്പുകളുടെ മന്ത്രിയുമായിരുന്നു. 1957 ലും 60 ലും 70 ലും നിയമസഭ സാമാജികനായും രണ്ടുതവണ രാജ്യസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ട ബാലറാം പാര്‍ലമെന്ററി രംഗത്തും തന്റെ വൈദഗ്ധ്യം പ്രകടിപ്പിച്ചു. ആദര്‍ശത്തിന്റെയും സത്യസന്ധതയുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതിരുന്ന ബാലറാം ലളിതജീവിതം നയിക്കുന്നതില്‍  ബദ്ധശ്രദ്ധ പുലര്‍ത്തുകയും ചെയ്തു. 

ബാലറാമിലെ പണ്ഡിതന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല, രാജ്യത്തിനും സമൂഹത്തിനാകെയും വിലപിടിപ്പുള്ള സംഭാവനകളാണ് നല്‍കിയത്. ഭാരതീയ പൈതൃകത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ അറിവ് നിരവധി ലേഖനങ്ങളിലൂടെയും ഉത്കൃഷ്ട ഗ്രന്ഥങ്ങളിലൂടെയും പകര്‍ന്നുകിട്ടി. ഭാരതീയ സാംസ്‌കാരിക പൈതൃകത്തിലെ ഭൗതികശാസ്ത്രീയ ചിന്തകളെ  യുക്തിഭദ്രതയോടെ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഭാരതീയ തത്വചിന്തയിലെ പ്രബലമായ ഭൗതികവാദത്തെ തമസ്‌ക്കരിക്കുവാനും ആശയവാദത്തെ മുന്നോട്ടുവയ്ക്കാനും ശ്രമിച്ചവരെ ശക്തമായ വാദമുഖങ്ങള്‍ കൊണ്ട് അദ്ദേഹം നേരിട്ടു. ഭാരതീയ സംസ്‌കാരത്തെ തെറ്റായി വ്യാഖ്യാനിക്കുവാനും വര്‍ഗീയതയ്ക്കും മതമൗലികവാദത്തിനുമായി ഉപയോഗിക്കുവാനും പരിശ്രമിച്ച തത്പരശക്തികളെ പ്രതിരോധിക്കുന്നതിന് ബാലറാം നല്‍കിയ സംഭാവനകള്‍ കിടയറ്റതാണ്. ഹിന്ദുത്വവാദികളുടെ തെറ്റായ പ്രചാരണത്തിന്റെ മുനയൊടിക്കുന്നതിനായി അദ്ദേഹം രചിച്ച ലേഖനങ്ങളും പുസ്തകങ്ങളും മതേതരത്വത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ക്ക് ലഭിച്ച മികച്ച ആയുധങ്ങളാണ് എന്നതില്‍ തര്‍ക്കമില്ല. ചരിത്രാന്വേഷണത്തിലും താല്‍പര്യം പുലര്‍ത്തിയിരുന്ന അദ്ദേഹം ഈടുറ്റ ചരിത്രപരമായ സംഭാവനകളും നല്‍കി. തികഞ്ഞ വായനക്കാരനായിരുന്ന ബാലറാം നല്ല സാഹിത്യാസ്വാദകനുമായിരുന്നു. ഏറ്റവും പുതിയ ലോകക്ലാസിക്കുകള്‍ പോലും ആദ്യം തന്നെ തേടിപ്പിടിച്ച് വായിക്കുമായിരുന്ന അദ്ദേഹം പല സാഹിത്യസൃഷ്ടികളെയും കുറിച്ച് പഠനാര്‍ഹമായ നിരൂപണങ്ങള്‍ രചിക്കുകയും ചെയ്തു. തന്റെ സാഹിത്യവിമര്‍ശനങ്ങളിലും പഠനങ്ങളിലും സങ്കുചിത രാഷ്ട്രീയ വീക്ഷണം കടന്നുവരാതിരിക്കാന്‍ ബാലറാം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പാര്‍ട്ടി ഭിന്നിപ്പുണ്ടായപ്പോള്‍ ഏറെ വേദനിച്ച അദ്ദേഹം ഭിന്നിപ്പിലെ യുക്തിയില്ലായ്മയും അകാരണമായി ഉണ്ടായ ഭിന്നിപ്പിന്റെ അപകടങ്ങളും യുക്തിഭദ്രതയോടെ സമര്‍ത്ഥിച്ചു. 'തര്‍ക്കത്തിന്റെ തായ്‌വേര്' എന്ന ഗ്രന്ഥത്തിലൂടെ ബാലറാം പാര്‍ട്ടി ഭിന്നിപ്പിച്ചവരുടെ വാദങ്ങളെ നിഷ്‌കരുണം ഖണ്ഡിച്ചു.  

ബഹുഭാഷാ പണ്ഡിതന്‍, പ്രതിഭാധനനായ എഴുത്തുകാരന്‍, ചിന്തകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നിട്ടും വിനയം കൈവിടാതെ കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവും സ്‌നേഹവും നിര്‍ലോഭം നേടാന്‍ കഴിഞ്ഞിരുന്ന ബാലറാം പക്ഷേ തെറ്റായ സമീപനങ്ങളോടും ഭരണകൂടനയങ്ങളോടും സന്ധിയില്ലാതെ പോരാടിയിരുന്നു. 

മാര്‍ക്‌സിസത്തിന്റെ പ്രസക്തി ലോകമെങ്ങും  വീണ്ടും വീണ്ടും തിരിച്ചറിയപ്പെടുന്ന ഈ കാലത്ത്  ബാലറാം ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പണ്ഡിതര്‍ ദീര്‍ഘവീക്ഷണത്തോടെ നടത്തിയ വിലയിരുത്തലുകള്‍ ശരിയാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണ്. മുതലാളിത്തം വന്യമായ നിലയില്‍ കടന്നാക്രമണം നടത്തുമ്പോള്‍ ബാലറാമിനെ പോലുള്ളവര്‍ പകര്‍ന്നുനല്‍കിയ സൈദ്ധാന്തിക പാഠങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കരുത്തുപകരും. മതമൗലികവാദികളും മതഭീകരതയും വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോള്‍ മതനിരപേക്ഷതയുടെ കാവല്‍ഭടനായി നിലകൊണ്ട ബാലറാം നല്‍കിയ ആശയപരമായ കരുത്ത് പ്രതിരോധത്തിന് ശക്തി പകരുകയും ചെയ്യുന്നു. കാലാതിവര്‍ത്തിയായ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ബാലറാമിന്റെ നിത്യസ്മാരകങ്ങളാണ്

Sunday, April 5, 2020

ഉക്കിനടുക്കയിൽ എത്തിപ്പെടാവുന്ന റോഡുകൾ

 1) കാസറഗോഡ് - ചെർക്കള - ബദിയഡുക്ക - ഉക്കിനടുക്ക(27 കിമീ ) 2) കാസറഗോഡ് - മധൂർ - ബേള - നീർച്ചാൽ - കന്യപ്പാടി - ബദിയഡുക്ക - ഉക്കിനടുക്ക 3) കന്യപ്പാടി - മുണ്ടിത്തടുക്ക പള്ളം - ഗുണാജെ - ഏൽക്കാന - ബൺപുത്തടുക്ക - ഉക്കിനടുക്ക 4) പുത്തിഗെ - മുണ്ടിത്തടുക്ക - ഗുണാജെ - എൽക്കാന - ബൺപുത്തടുക്ക - ഉക്കിനടുക്ക 5) ബാഡൂർ - കന്തൽ - മുണ്ടിത്തടുത്ത - ഗുണാജെ - ഏൽക്കാന - ബൺപുത്തടുക്ക - ഉക്കിനടുക്ക 6) ആദൂർ, അഡൂർ, മുളിയാർ എന്നിവിടങ്ങളിൽ നിന്നും മുള്ളേരിയ - നാരംപാടി - ബദിയഡുക്ക വഴി ഉക്കിനടുക്കയിലെത്താം. 7) ഏത്തടുക്കയിൽ നിന്നും  പള്ളത്തടുക്ക വഴി ഉക്കിനടുക്കയിലെത്താം 8) നെട്ടണിഗെ, പട്റെ എന്നിവിടങ്ങളിൽ നിന്നും സ്വർഗ്ഗ - പെർള ചെക്കു പോസ്റ്റു വഴി ഉക്കിനടുക്കയിൽ എത്താം. 9) ഷേണി, ബെദിരംപള്ള തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇടിയഡുക്ക വന്ന് ഉക്കിനടുക്കയിൽ  എത്താം. വടക്കു ഭാഗത്തു നിന്നു വരുന്നവർക്ക് പെർള ടൗണിൽ നിന്നും തെക്കോട്ടു മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ ഉക്കിടുക്കയിൽ എത്താം. 10) പടിഞ്ഞാറു ഭാഗത്തു നിന്നും നാഷണൽ ഹൈവേയിലൂടെ വരുന്നവർ കുമ്പള നഗരത്തിൽ പ്രവേശിച്ച് 16 കിലോമീറ്റർ കിഴക്കോട്ടു സഞ്ചരിച്ചാൽ ബദിയഡുക്കയിൽ എത്താം. അവിടെ നിന്നും വടക്കു ദിശയിൽ ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ ഉക്കിനടുക്കയിൽ എത്താം. കൂടാതെ വിദ്യാനഗറിൽ നിന്നും നായമാർമൂലയിൽ നിന്നും മാന്യ വഴി നീർച്ചാലിൽ  ചെന്ന് ബദിയഡുക്ക വഴി ഉക്കിനടുക്കയിൽ എത്താം.

മുഖ്യമന്ത്രി പറഞ്ഞ് നാലാം ദിവസം കാസറഗോഡ് മെഡിക്കൽ കോളേജ് കോവിഡിനെ നേരിടാൻ സജ്ജമായി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമായി.  മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ പരിവര്‍ത്തിപ്പിച്ചത്. കോവിഡ് രോഗബാധിതര്‍ക്ക് വേണ്ടി  ആദ്യ ഘട്ടത്തില്‍ ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് തയ്യാറാക്കുന്നത. സ്ഥിതിഗതികള്‍ വിലയിരുത്തി പിന്നീട് 100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി സജ്ജമാക്കും. ഏഴു കോടി രൂപയോളം വരുന്ന അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയിലേക്കെത്തിക്കുന്നത്. ഇത് കൂടാതെ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിനായി കെ എസ് ഇ ബി പത്ത് കോടി രൂപ വാഗ്ധാനം ചെയ്തിട്ടുണ്ട്. ഈ തുകയില്‍ നിന്നും വിവിധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇലക്ട്രൊ കാര്‍ഡിയോഗ്രാം (ഇസിജി), മള്‍ട്ടി പര്‍പ്പസ് ഉപകരണങ്ങള്‍ തുടങ്ങിയവ ഇതിനകം എത്തിയിട്ടുണ്ട്. രാജ്യത്താകെ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാരണം വെന്റിലേറ്റേര്‍ അടക്കമുള്ള പല ഉപകരണങ്ങളും പലയിടങ്ങളിലായി തടസപ്പെട്ട് കിടക്കുകയാണ്. ഇത് ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാനുള്ള നടപടി സ്വീകരിച്ച് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 ഡോക്ടര്‍മാര്‍, ഹെഡ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ് എന്നിങ്ങനെ പതിനേഴോളം പേരെയായിരിക്കും ആശുപത്രിയില്‍ നിയമിക്കുക. അടിയന്തിര സാഹചര്യമായതിനാല്‍ ഇവരെ ജില്ലയിലെ മറ്റു ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നായിരിക്കും എത്തിക്കുക. മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. ഇതിന്റെ വൈദ്യുതീകരണത്തിനായി കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളേജ് പരിസരത്ത് 160 കെ വി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരുന്നു. മെഡിക്കല്‍ കോളേജ് മാര്‍ച്ച് പതിനഞ്ചിന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യാനിരുന്നതായിരുന്നു. ജനറല്‍ ഒപിക്ക് പുറമേ പ്രത്യേക വിഭാഗങ്ങളുടെ ഒപിയും ഇതിനായി മറ്റു മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധരെ എത്തിക്കുന്നതിനും തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് മാറ്റി വെക്കുകയായിരുന്നു.

Saturday, April 4, 2020

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 26 അംഗ സംഘം കാസർഗോട്ടേക്ക് പുറപ്പെട്ടു.

കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 26 അംഗ സംഘം രാവിലെ 9 മണിക്ക് യാത്ര സെക്രട്ടറിയേറ്റിന് മുമ്പില്‍ നിന്നും യാത്രയയച്ചു. 

കാര്‍സര്‍ഗോഡ് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ 4 ദിവസം കൊണ്ട് കാസര്‍ഗോഡ് കോവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കാനാണ് ഈ സംഘം യാത്ര തിരിക്കുന്നത്. ഇവര്‍ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുന്നതുമാണ്.

Tuesday, March 31, 2020

കോവിഡ് 19-നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്‌സാപ്പ് ചാറ്റ് ബോട്ട് പ്രവർത്തന സജ്ജമായി.

കോവിഡ് 19-നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്‌സാപ്പ് ചാറ്റ് ബോട്ട് പ്രവർത്തന സജ്ജമായി. 

+919072220183 എന്ന നമ്പറിലാണ് ചാറ്റ് ബോട്ട് പ്രവര്‍ത്തിക്കുന്നത്. ചാറ്റ് ബോട്ട് വഴി കൊവിഡ് 19 നെക്കുറിച്ചുള്ള അധികാരിക വിവരങ്ങള്‍ അറിയേണ്ടവര്‍ +919072220183 എന്ന നമ്പര്‍ മൊബൈലില്‍ സേവ് ചെയ്യുകയോ അല്ലെങ്കിൽ http://wa.me/919072220183 ലിങ്കിൽ ക്ലിക്ക്  ചെയ്ത് വാട്ട്‌സാപ്പിലൂടെ ഒരു ഹായ് അയക്കുകയും ചെയ്യുക.

അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന മെനുവില്‍ നിന്ന് ചാറ്റ് ബോട്ടിന്റെ നിര്‍ദ്ദേശാനുസരണം ആവശ്യമായ വിവരങ്ങളിലേക്കെത്താം. കോവിഡിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍, പൊതുജനങ്ങള്‍ പാലിക്കേണ്ട സുരക്ഷ മുന്‍കരുതലുകള്‍, നിര്‍ദ്ദേശങ്ങള്‍, കൊറോണ ബാധിത രാജ്യം/ സംസ്ഥാനത്ത് നിന്ന് വന്നവര്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ചാറ്റ് ബോട്ട് വഴി ജനങ്ങള്‍ക്ക് ലഭ്യമാകും.

കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന മാധ്യമങ്ങളില്‍ ഒന്നാണ് വാട്ട്‌സാപ്പ്. ഈ സാഹചര്യത്തില്‍ അത്തരം അശാസ്ത്രീയ സന്ദേശങ്ങളുടെ വ്യാപനം തടയുന്നതിനായാണ് ആരോഗ്യ വകുപ്പ് വാട്ട് സാപ്പ് ചാറ്റ് ബോട്ട് പുറത്തിറക്കിയിരിക്കുന്നത്. വാട്ട്‌സാപ്പ് ഇന്ത്യയുമായുള്ള നേരിട്ടുള്ള സഹകരണം ഉറപ്പാക്കിക്കൊണ്ടാണ് ആരോഗ്യ വകുപ്പ് ഈ സംവേദനാത്മക ചാറ്റ് ബോട്ട് ജനങ്ങളിലേക്കെത്തിച്ചിരിക്കുന്നത്.

ഏപ്രിൽ ഫൂൾ - വ്യാജ പോസ്റ്റുകൾക്കെതിരെ കർശന നടപടി

ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകൾ ശദ്ധയിൽപ്പെട്ടിട്ടുണ്ട് . കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗൺ എന്നിവയുമായി  ബന്ധപ്പെട്ട്  വ്യാജപോസ്റ്റുകൾ ഉണ്ടാക്കുന്നതും അത് ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരം പോസ്റ്റുകളുമായി  എന്തെങ്കിലും സംശയമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
കോവിഡ്  കൺട്രോൾ  റൂം നമ്പർ : 9497900112,  9497900121, 1090 എന്നീ നമ്പറുകളുമായി ബന്ധപ്പെടേണ്ടതാണ്.

#keralapolice #covid19 #fakemessages #aprilfool

കൊറോണ ടെസ്റ്റിങ്ങിന് കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയ്ക്ക് അന്തിമാനുമതി.

കൊറോണ ടെസ്റ്റിംഗ് :കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയ്ക്ക് അന്തിമാനുമതി.
കൊറോണ രോഗനിർണയ  ടെസ്റ്റിന് ഒരുങ്ങി കേരള കേന്ദ്രസർവ്വകലാശാല.
കാസർഗോഡ് ജില്ലയിലെ വൈറസ്  ബാധിതരുടെ എണ്ണം വർധിച്ചത് കണക്കിലെടുത്ത് പെരിയയിലെ  കേന്ദ്രസർവകലാശാലയിൽ കൊറോണ സാമ്പിൾ ടെസ്റ്റ്  നടത്തുന്നതിന് ഐ.സി.എം.ആർ ൻ്റെ അന്തിമ   അനുമതി ലഭിച്ചു. ടെസ്റ്റ് ചെയ്യുന്ന വിദഗ്ധർക്ക് ആവശ്യമായ പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെൻ്റ് (PPE) എത്തിയാലുടൻ ഇവിടെ ടെസ്റ്റ് ആരംഭിക്കും .ഡോക്ടർ രാജേന്ദ്രൻ്റെ നേതൃത്വത്തിലുള്ള മുപ്പത് അംഗ സംഘമാണ് സാമ്പിൾ ടെസ്റ്റിംഗ് നടത്തുന്നത്. കാസർഗോഡ് രോഗ നിർണയ പരിശോധന തുടങ്ങുന്നതോടുകൂടി ദിവസം ഇരുന്നൂറോളം സാമ്പിളുകൾ കേന്ദ്ര സർവകലാശാലയിലെ ലാബിൽ നിന്നുമാത്രമായി പരിശോധിക്കാൻ പറ്റും.

Monday, March 30, 2020

ദുരിത നാളിലും കരുതൽ കരുത്തായ് ജില്ലയുടെ സ്വന്തം ചന്ദ്രേട്ടൻ

ദുരിത നാളിലും  കരുതൽ കരുത്തായ് ജില്ലയുടെ സ്വന്തം ചന്ദ്രേട്ടൻ
കാഞ്ഞങ്ങാട്: കൊറോണ കാലത്തെ കർഫ്യു മൂലം ദുരിത നാളിലും  എൻഡോസൾഫാൻ രോഗിയുടെ അമ്മയ്ക്ക് കരുതലായത് കാസർകോടിന്റെ സ്വന്തം മന്ത്രി ചന്ദ്രേശേഖരന്റെ
 കൈ സഹായം.. 

എൻഡോ സൾഫാൻ
ദുരിതബാധിതനായ മകൻെറ അമ്മ പെരിയയി'ലെ ലളിത ഹൃദയസംബന്ധമായ രോഗത്താൽ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെൻ്ററിലെ ചികിത്സയിലായിരുന്നു.   . ലളിതയുടെ മരുന്ന് തീരുന്ന സാഹചര്യത്തിൽ പകരം മരുന്ന്  വാങ്ങാൻ കഴിയാതെയായി. മംഗലാപുരത്തേക്ക് പോകാനുള്ള വഴിയും അടച്ചിരിക്കുന്നു.  
 ജില്ലയിൽ ലഭ്യമല്ലാത്ത ഈ മരുന്ന് കിട്ടാൻ മാർഗം തേടിയെത്തിയ വാട്സ് ആപ് സന്ദേശം  കാഞ്ഞങ്ങാട് എം.എൽ.എയും സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്റെ ശ്രദ്ധയിലുമെത്തി .ഒട്ടും താമസിച്ചില്ല
.  ശ്രീചിത്ര മെഡിക്കൽ സെൻ്റർ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം ജില്ലയിൽ ഇത് ലഭ്യമാകാനുള്ള സാധ്യത ഉറപ്പിച്ചു. തുടർന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയെ റവന്യൂ മന്ത്രി നേരിട്ട് വിളിച്ചു. മരുന്ന് എത്തിക്കുന്നതിനായി നിർദേശം നൽകി. 
മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം വിഷ്ണുവിന് പണം നൽകി  മരുന്ന് വാങ്ങി പോലീസിന് കൈമാറി. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം മടിയനിലെ
 എ. ദാമോദരന്റെ വിലാസത്തിലാണ് മരുന്നെത്തിയത്.

പോലീസ് ആസ്ഥാനം ഈ ദൗത്യം ഏറ്റെടുത്തു. സംസ്ഥാന പോലീസ് മേധാവി 
 ലോക്നാഥ് ബഹ്റയുടെ നിർദ്ദേശാനുസരണം  മരുന്ന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം ജില്ലയിലെ ഹൈവേ പോലീസിനെ ഏൽപ്പിച്ചു. 
റിലേ രൂപത്തിൽ ഹൈവേ പോലീസ് കൈമാറി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ കടന്ന് ഇന്നലെ രാവിലെ കാസർകോട് ജില്ലയിലെ പെരിയ ഗ്രാമത്തിലെ ലളിതയുടെ വീട്ടിൽ എത്തിച്ചു. സബ് ഇൻപെക്ടർ പ്രേം രാജ്, സെയ്ഫുദ്ദീൻ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എ ദാമോദരൻ എന്നിവർ നേരിട്ടെത്തിയാണ് മരുന്ന് കൈമാറിയത്.