Tuesday, March 31, 2020

കോവിഡ് 19-നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്‌സാപ്പ് ചാറ്റ് ബോട്ട് പ്രവർത്തന സജ്ജമായി.

കോവിഡ് 19-നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്‌സാപ്പ് ചാറ്റ് ബോട്ട് പ്രവർത്തന സജ്ജമായി. 

+919072220183 എന്ന നമ്പറിലാണ് ചാറ്റ് ബോട്ട് പ്രവര്‍ത്തിക്കുന്നത്. ചാറ്റ് ബോട്ട് വഴി കൊവിഡ് 19 നെക്കുറിച്ചുള്ള അധികാരിക വിവരങ്ങള്‍ അറിയേണ്ടവര്‍ +919072220183 എന്ന നമ്പര്‍ മൊബൈലില്‍ സേവ് ചെയ്യുകയോ അല്ലെങ്കിൽ http://wa.me/919072220183 ലിങ്കിൽ ക്ലിക്ക്  ചെയ്ത് വാട്ട്‌സാപ്പിലൂടെ ഒരു ഹായ് അയക്കുകയും ചെയ്യുക.

അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന മെനുവില്‍ നിന്ന് ചാറ്റ് ബോട്ടിന്റെ നിര്‍ദ്ദേശാനുസരണം ആവശ്യമായ വിവരങ്ങളിലേക്കെത്താം. കോവിഡിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍, പൊതുജനങ്ങള്‍ പാലിക്കേണ്ട സുരക്ഷ മുന്‍കരുതലുകള്‍, നിര്‍ദ്ദേശങ്ങള്‍, കൊറോണ ബാധിത രാജ്യം/ സംസ്ഥാനത്ത് നിന്ന് വന്നവര്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ചാറ്റ് ബോട്ട് വഴി ജനങ്ങള്‍ക്ക് ലഭ്യമാകും.

കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന മാധ്യമങ്ങളില്‍ ഒന്നാണ് വാട്ട്‌സാപ്പ്. ഈ സാഹചര്യത്തില്‍ അത്തരം അശാസ്ത്രീയ സന്ദേശങ്ങളുടെ വ്യാപനം തടയുന്നതിനായാണ് ആരോഗ്യ വകുപ്പ് വാട്ട് സാപ്പ് ചാറ്റ് ബോട്ട് പുറത്തിറക്കിയിരിക്കുന്നത്. വാട്ട്‌സാപ്പ് ഇന്ത്യയുമായുള്ള നേരിട്ടുള്ള സഹകരണം ഉറപ്പാക്കിക്കൊണ്ടാണ് ആരോഗ്യ വകുപ്പ് ഈ സംവേദനാത്മക ചാറ്റ് ബോട്ട് ജനങ്ങളിലേക്കെത്തിച്ചിരിക്കുന്നത്.

ഏപ്രിൽ ഫൂൾ - വ്യാജ പോസ്റ്റുകൾക്കെതിരെ കർശന നടപടി

ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകൾ ശദ്ധയിൽപ്പെട്ടിട്ടുണ്ട് . കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗൺ എന്നിവയുമായി  ബന്ധപ്പെട്ട്  വ്യാജപോസ്റ്റുകൾ ഉണ്ടാക്കുന്നതും അത് ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരം പോസ്റ്റുകളുമായി  എന്തെങ്കിലും സംശയമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
കോവിഡ്  കൺട്രോൾ  റൂം നമ്പർ : 9497900112,  9497900121, 1090 എന്നീ നമ്പറുകളുമായി ബന്ധപ്പെടേണ്ടതാണ്.

#keralapolice #covid19 #fakemessages #aprilfool

കൊറോണ ടെസ്റ്റിങ്ങിന് കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയ്ക്ക് അന്തിമാനുമതി.

കൊറോണ ടെസ്റ്റിംഗ് :കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയ്ക്ക് അന്തിമാനുമതി.
കൊറോണ രോഗനിർണയ  ടെസ്റ്റിന് ഒരുങ്ങി കേരള കേന്ദ്രസർവ്വകലാശാല.
കാസർഗോഡ് ജില്ലയിലെ വൈറസ്  ബാധിതരുടെ എണ്ണം വർധിച്ചത് കണക്കിലെടുത്ത് പെരിയയിലെ  കേന്ദ്രസർവകലാശാലയിൽ കൊറോണ സാമ്പിൾ ടെസ്റ്റ്  നടത്തുന്നതിന് ഐ.സി.എം.ആർ ൻ്റെ അന്തിമ   അനുമതി ലഭിച്ചു. ടെസ്റ്റ് ചെയ്യുന്ന വിദഗ്ധർക്ക് ആവശ്യമായ പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെൻ്റ് (PPE) എത്തിയാലുടൻ ഇവിടെ ടെസ്റ്റ് ആരംഭിക്കും .ഡോക്ടർ രാജേന്ദ്രൻ്റെ നേതൃത്വത്തിലുള്ള മുപ്പത് അംഗ സംഘമാണ് സാമ്പിൾ ടെസ്റ്റിംഗ് നടത്തുന്നത്. കാസർഗോഡ് രോഗ നിർണയ പരിശോധന തുടങ്ങുന്നതോടുകൂടി ദിവസം ഇരുന്നൂറോളം സാമ്പിളുകൾ കേന്ദ്ര സർവകലാശാലയിലെ ലാബിൽ നിന്നുമാത്രമായി പരിശോധിക്കാൻ പറ്റും.

Monday, March 30, 2020

ദുരിത നാളിലും കരുതൽ കരുത്തായ് ജില്ലയുടെ സ്വന്തം ചന്ദ്രേട്ടൻ

ദുരിത നാളിലും  കരുതൽ കരുത്തായ് ജില്ലയുടെ സ്വന്തം ചന്ദ്രേട്ടൻ
കാഞ്ഞങ്ങാട്: കൊറോണ കാലത്തെ കർഫ്യു മൂലം ദുരിത നാളിലും  എൻഡോസൾഫാൻ രോഗിയുടെ അമ്മയ്ക്ക് കരുതലായത് കാസർകോടിന്റെ സ്വന്തം മന്ത്രി ചന്ദ്രേശേഖരന്റെ
 കൈ സഹായം.. 

എൻഡോ സൾഫാൻ
ദുരിതബാധിതനായ മകൻെറ അമ്മ പെരിയയി'ലെ ലളിത ഹൃദയസംബന്ധമായ രോഗത്താൽ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെൻ്ററിലെ ചികിത്സയിലായിരുന്നു.   . ലളിതയുടെ മരുന്ന് തീരുന്ന സാഹചര്യത്തിൽ പകരം മരുന്ന്  വാങ്ങാൻ കഴിയാതെയായി. മംഗലാപുരത്തേക്ക് പോകാനുള്ള വഴിയും അടച്ചിരിക്കുന്നു.  
 ജില്ലയിൽ ലഭ്യമല്ലാത്ത ഈ മരുന്ന് കിട്ടാൻ മാർഗം തേടിയെത്തിയ വാട്സ് ആപ് സന്ദേശം  കാഞ്ഞങ്ങാട് എം.എൽ.എയും സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്റെ ശ്രദ്ധയിലുമെത്തി .ഒട്ടും താമസിച്ചില്ല
.  ശ്രീചിത്ര മെഡിക്കൽ സെൻ്റർ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം ജില്ലയിൽ ഇത് ലഭ്യമാകാനുള്ള സാധ്യത ഉറപ്പിച്ചു. തുടർന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയെ റവന്യൂ മന്ത്രി നേരിട്ട് വിളിച്ചു. മരുന്ന് എത്തിക്കുന്നതിനായി നിർദേശം നൽകി. 
മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം വിഷ്ണുവിന് പണം നൽകി  മരുന്ന് വാങ്ങി പോലീസിന് കൈമാറി. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം മടിയനിലെ
 എ. ദാമോദരന്റെ വിലാസത്തിലാണ് മരുന്നെത്തിയത്.

പോലീസ് ആസ്ഥാനം ഈ ദൗത്യം ഏറ്റെടുത്തു. സംസ്ഥാന പോലീസ് മേധാവി 
 ലോക്നാഥ് ബഹ്റയുടെ നിർദ്ദേശാനുസരണം  മരുന്ന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം ജില്ലയിലെ ഹൈവേ പോലീസിനെ ഏൽപ്പിച്ചു. 
റിലേ രൂപത്തിൽ ഹൈവേ പോലീസ് കൈമാറി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ കടന്ന് ഇന്നലെ രാവിലെ കാസർകോട് ജില്ലയിലെ പെരിയ ഗ്രാമത്തിലെ ലളിതയുടെ വീട്ടിൽ എത്തിച്ചു. സബ് ഇൻപെക്ടർ പ്രേം രാജ്, സെയ്ഫുദ്ദീൻ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എ ദാമോദരൻ എന്നിവർ നേരിട്ടെത്തിയാണ് മരുന്ന് കൈമാറിയത്.