Wednesday, July 29, 2020

ൻ്റത് ഒട്ടും റെഡ്യായ്ട്ട്ല്ല; ന്നാലും കൊയ്പ്പൂല്യ- അഡ്വ: വി.സുരേഷ് ബാബു

കേരളത്തിലെ റവന്യു, ഭവന, ദുരന്തനിവാരണ വകുപ്പ് മന്ത്രിയായ ഇ .ചന്ദ്രശേഖരനെ ബളാലിലിരുന്ന് ഒരു പഞ്ചായത്ത് വൈ. പ്രസിഡണ്ട് FB യിലൂടെ തിരികെ വിളിച്ചാൽ എല്ലാ ഉത്തരവാദിത്തങ്ങളും ഇട്ടെറിഞ്ഞ് മന്ത്രി ഓടി വരും എന്ന് കരുതുന്ന മണ്ടൻമാരല്ല ജനങ്ങൾ . പിന്നെന്തിനാണ് വൈ. പ്രസിഡണ്ട് മന്ത്രിയെ മടക്കി വിളിക്കുന്നത്? " മടങ്ങിവരൂ " എന്ന് അദ്ദേഹം നീട്ടിവിളിക്കുമ്പോൾ ഒരിക്കൽ ഏറെ മോഹിച്ചതും എന്നാൽ പാർട്ടി നിഷേധിച്ചതുമായ അവസരം " മടക്കി തരൂ" എന്ന് കോൺഗ്രസ്സ് നേതൃത്വം വിളി കേൾക്കും എന്നാണ് അദ്ദേഹം കരുതുന്നത്;പ്രത്യേകിച്ച്, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ.

മന്ത്രിയെ ജില്ലയിൽ കാണാനില്ലെന്നും, മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നുവെന്നും വിമർശിക്കുന്ന നേതാവിന് മറ്റെന്ത് ലക്ഷ്യമാണുള്ളത്?ഒരാൾക്ക് അബദ്ധധാരണ എത്രയളവിലും വെച്ചുപുലർത്താം; എന്നാൽ അവ സമൂഹത്തിൽ പരത്താൻ ശ്രമിക്കുമ്പോൾ അത് സാമൂഹ്യദ്രോഹമായിത്തീരുന്നു. അതിനാലാണ് ഈ ചെറുവിശദീകരണം ഇവിടെ നല്കുന്നത്‌. 
റവന്യു വകുപ്പിൻ്റെ പ്രാധാന്യം എന്താണ്? എല്ലാ സർക്കാർ വകുപ്പുകളുടെയും മാതൃവകുപ്പാണ് റവന്യു വകുപ്പ്; വൃക്ഷത്തിന് താഴ്ത്തടി പോലെ. റവന്യു വരുമാനം, ഭൂസംരക്ഷണം, ഭൂവിനിയോഗം, ഭൂവിതരണം, ദുരന്തനിവാരണം, തെരഞ്ഞെടുപ്പ് , കാനേഷുമാരി, പൗരാവകാശ സംരക്ഷണം, സർട്ടിഫിക്കറ്റ് സേവനങ്ങൾ, ഭൂരേഖാ സംരക്ഷണം തുടങ്ങി ഏറെ വ്യാപ്തിയുള്ളതാണ് വകുപ്പിൻ്റെ പ്രവർത്തന മേഖലകൾ . കണ്ണിമചിമ്മിയാൽ സർക്കാർ ഭൂമി അപഹരിക്കാൻ ശ്രമിക്കുന്ന മാഫിയകൾക്കെതിരെ 24x7 മണിക്കൂറും ജാഗ്രതയോടെ നിലകൊള്ളുന്ന റവന്യു വകുപ്പിൻ്റെ പ്രവർത്തനം കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചിട്ടുള്ളതാണ്. പട്ടയ വിതരണത്തിലും, സേവനങ്ങൾ സൗകര്യപ്രദമായി ജനങ്ങളിലെത്തിക്കാനും വകുപ്പ് ഏറെക്കാര്യങ്ങൾ ചെയ്തു . കാഞ്ഞങ്ങാട് മണ്ഡലത്തിലെ MLA എന്ന നിലയിൽ കഴിഞ്ഞ 4 വർഷംമാത്രം 275 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് പ്രവർത്തിച്ചു.
കോവിഡ് 19 ദേശീയദുരന്തമായി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ദുരന്തനിവാരണത്തിൻ്റെ ചുമതലയുള്ള മന്ത്രി ഇ. ചന്ദ്രശേഖരൻ്റെ നേതൃത്വത്തിലാണ് രോഗപ്രതിരോധ പ്രവർത്തനങ്ങളെ റവന്യു വകുപ്പ് ഏകോപിപ്പിക്കുകയും ജില്ലാ ഭരണകൂടം വഴി നടപ്പിലാക്കുകയും ചെയ്യുന്നത്. ഇതിനാവശ്യമായ യോഗങ്ങൾ ദിനംപ്രതി ഭരണ ആസ്ഥാനത്ത് ചേരുകയും കാര്യങ്ങൾ വിലയിരുത്തി ത്വരിതഗതിയിലുള്ള തീരുമാനങ്ങളെടുത്ത്  14 ജില്ലകളിലും നടപ്പിലാക്കുകയും ചെയ്യുന്നു. മന്ത്രിഓഫീസിലിരുന്ന് റവന്യുമന്ത്രി ജില്ലാഭരണകൂടങ്ങളുമായും, MLA മാരുമായും  നിരന്തരം ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അസാധാരണമായ ഈ കോവിഡ് ദുരന്തകാലത്ത് , മറ്റൊരു പ്രളയം കൂടി എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാമെന്ന സവിശേഷ സാഹചര്യത്തിൽ റവന്യൂ വകുപ്പ് പതിവ് പരിപാടികളും പ്രവർത്തനങ്ങളും  നടത്തിയാൽ മാത്രം കാര്യങ്ങൾ സുഗമമാവില്ലെന്ന്  മന്ത്രിയെ ബളാലിൽ കാണണമെന്ന് വാശി പിടിക്കുന്ന പഞ്ചായത്ത് വൈ. പ്രസിഡണ്ടിന് ഒഴികേ മറ്റെല്ലാവർക്കും മനസ്സിലാകും.
സംസ്ഥാനത്തെ 14 ജില്ലകളിലെയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുമ്പോഴും ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ ജില്ലയുടെ പിന്നാക്കാവസ്ഥ കൂടി പരിഗണിച്ചുള്ള പ്രത്യേക ഇടപെടൽ മന്ത്രി നടത്തുന്നുണ്ട്. അതിനാലാണ് ടാറ്റ ഒരു കോവിഡ് ആശുപത്രിക്ക് സഹായം നല്കിയപ്പോൾ  , ആ സ്ഥാപനം സർക്കാർ ജില്ലയിൽതന്നെ സ്ഥാപിച്ചത്. അതിന് ഭൂമി ലഭ്യമാക്കാനും , ഭരണ തടസ്സങ്ങൾ നീക്കി പണി പൂർത്തിയാക്കാനും നേതൃത്വം നല്കിയത് റവന്യു മന്ത്രിയാണ്. കോവിഡ് കാലത്ത് തന്നെ കാസർകോട് മെഡിക്കൽകോളേജ് പ്രവർത്തനമാരംഭിക്കാൻ മുന്നിൽ നിന്നയാളാണ് മന്ത്രി. അവിടേക്ക് മറ്റ് ജില്ലകളിൽ നിന്ന് മാറി മാറി ഡോക്ടർമാരുടെ സംഘത്തെ എത്തിക്കാനും , ആവശ്യമായത്ര ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ മതിയായ കിടക്കകളോടെ ആരംഭിക്കാനും സർക്കാർ സന്നദ്ധമായി. ലോക് ഡൗൺ ഫലപ്രദമായി നടപ്പിലാക്കി. ബളാൽ പഞ്ചായത്ത് പോലെ അപവാദങ്ങൾ ഉണ്ടെങ്കിലും, ഭൂരിഭാഗം പഞ്ചായത്തുകളിലും കമ്യൂണിറ്റി കിച്ചണുകൾ ഒരുക്കാൻ ജില്ലാ ഭരണ കൂടങ്ങൾ ഉണർന്ന് പ്രവർത്തിച്ചു.
സർക്കാരിനെയും മന്ത്രിമാരെയും വിമർശിക്കരുത് എന്നല്ല ഈ കുറിപ്പിൻ്റെ താല്പര്യം. ആരോഗ്യകരമായ വിമർശനമാണ് ജനാധിപത്യത്തിൻ്റെ ചൈതന്യം. പക്ഷേ വിമർശനം വസ്തുനിഷ്ഠവും, ഉചിതവും, കാര്യ- കാരണ ബന്ധിതവുമാകണം; അല്ലേൽ ശര്യാവൂല. അതുകൊണ്ടാണ് പറയുന്നത് ആൾ ശ്രദ്ധ നേടാൻ എന്തെങ്കിലും പറഞ്ഞത് കൊണ്ടാവില്ല. തല്ക്കാലം വൈ. പ്രസിഡണ്ട് ഇങ്ങിനെ ആശ്വസിക്കുക; "ചെലോൽത് റെഡ്യാവും, ചെലോൽത്  റെഡ്യാവൂല; .... ഇൻ്റെത് ഒട്ടും റെഡ്യായ്റ്റ്ല... ന്നാലും കൊയ്പ്പൂല്യ ..." എങ്കിലും വൈ. പ്രസിഡണ്ടിനെ അഭിനന്ദിക്കാതിരിക്കാനാവില്ല; എറിയുന്നെങ്കിൽ നിറയെ കായ്ഫലമുള്ള മരത്തിൽതന്നെയെറിയണമെന്ന തിരിച്ചറിവിന്.

No comments:

Post a Comment